കാലടി സമാന്തര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്‌ പറഞ്ഞു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എ മാരായ എൽദോസ് കുന്നപ്പിള്ളിൽ, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാലതാമസം ഒഴിവാക്കി നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം.

2013 ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാണ് നടപടികൾ പൂർത്തീകരിക്കുന്നത്.
ഭൂമി വിട്ടുനൽകുന്നവർ ഉന്നയിച്ച ആശങ്കകൾക്ക് എം. എൽ. എ മാർ യോഗത്തിൽ മറുപടി നൽകി. ഓരോ വ്യക്തിക്കും നഷ്ട്ടമാകുന്ന സ്ഥലം നിശ്ചയിച്ച് ന്യായമായവില ലഭ്യമാക്കും.

എല്ലാ ഭൂവുടമകളെയും ഉൾപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാൻ പബ്ലിക് ഹിയറിങ്ങ് നടത്താനും യോഗത്തിൽ തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്നയോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി. സിന്ധു, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.