സാർവത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളിൽ കേരളം മുന്നിലെത്തിയത്. ഏറ്റവും കുറവ് മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷത്തിനും അഭിവൃദ്ധിക്കുമൊക്കെ കുടുംബാസൂത്രണം എന്നുള്ളതാണ് ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ലോ കോളേജിൽ വച്ചു നടന്ന ലോക ജനസംഖ്യാ ദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ഘട്ടങ്ങളായാണ് ആരോഗ്യ വകുപ്പ് അവബോധ ക്യാമ്പയിൽ സംഘടിപ്പിക്കുന്നത്. ജൂൺ 27 മുതൽ ജൂലൈ 10 വരെ കുടുംബാസൂത്രണ മാർഗങ്ങളെക്കുറിച്ച് ദമ്പതികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും അറിവും അവബോധവും നൽകുന്നതായിരുന്നു ഒന്നാം ഘട്ടം. രണ്ടാം ഘട്ടമായ ജൂലൈ 11 മുതൽ 24 വരെ നടത്തുന്ന ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തിൽ ആവശ്യമായവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുന്നു.

വി.കെ. പ്രശാന്ത് എം.എൽ.എ. ലോക ജനസംഖ്യാദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.