കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയ അർഹതയുള്ള മുഴുവൻ ആളുകൾക്കും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിൽ നാല് താലൂക്കുകളിലായി നടന്ന അദാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളിലും കൃത്യമായ ഇടപെടൽ ഉണ്ടാവണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിഹാരമായ പരാതികളിൽ അപേക്ഷകർ തൃപ്തരാണോ എന്ന കാര്യവും പരിശോധിക്കണം. സർക്കാർ ഉദ്ദേശിക്കുന്ന നിലയിലുള്ള പരിഹാരം അർഹതയുള്ളവർക്ക് ലഭ്യമാക്കണം. ഭിന്നശേഷിക്കാരുടെ പരാതികളിലും സർക്കാർ തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളിലും പ്രത്യേക ഇടപെടൽ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. വകുപ്പുകൾ മാറി ലഭിച്ച പരാതികൾ, തീർപ്പാക്കാത്തവ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേകം യോഗങ്ങൾ ചേരാനും തീരുമാനമായി. അദാലത്ത് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എ. ഗീത, സബ്കലക്ടർ വി. ചെൽസാ സിനി, അസി. കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ആർ.ഡി.ഒ സി.ബിജു, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.