അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ. ജില്ലയിൽ പച്ചക്കറിയുൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ജില്ലയിൽ പലസ്ഥലങ്ങളിലും പല വിലയാണ് നിലവിലുള്ളതെന്ന കാര്യ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും.
എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കും. താലൂക്ക് തലത്തിൽ രൂപീകരിച്ച റവന്യൂ, ഭക്ഷ്യവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ പരിശോധന വ്യാപകമാക്കും. മൊത്ത വ്യാപാര കേന്ദ്രങ്ങളിലേയും ചില്ലറ വ്യാപാര കേന്ദ്രങ്ങളിലേയും വിലയിലുള്ള അന്തരം പരിശോധിക്കും. പൂഴ്ത്തിവെപ്പ് തടയാൻ കർശനമായ നടപടി സ്വീകരിക്കും. ഹോർട്ടി കോർപ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കി വിപണിയിൽ ഇടപെടൽ നടത്തുന്നുണ്ട്. പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അഭ്യർഥിച്ചു.
വിലക്കയറ്റം തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടർ വിളിച്ചുചേർത്ത് കർമപദ്ധതി തയ്യാറാക്കി. എഡി.എം മഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സക്കീർ, ജോയിന്റ് റജിസ്ട്രാർ പി. ബഷീർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.