സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ വളരുന്ന കുട്ടികൾക്ക് രണ്ട് ശതമാനം ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാമവർമ്മപുരത്തെ ചിൽഡ്രൻസ് ഹോം സന്ദർശന വേളയിൽ ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു. കലാകായിക മേഖലകളിൽ മികവ് തെളിയിച്ച ഹോമിലെ കുട്ടികളെ നേരിട്ട് സന്ദർശിച്ച് നിയമസഭാ സമിതി അംഗങ്ങൾ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സമിതി ഒന്നടങ്കം ചിൽഡ്രൻസ് ഹോമിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഹോമിന്റെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികൃതരോട് ആരായുകയും ചെയ്തു.
സർക്കാർ മഹിളാ മന്ദിരത്തിൽ താമസിക്കുന്ന 22 അന്തേവാസികളെയും സമിതി അംഗങ്ങൾ സന്ദർശിച്ചു. ഏവരുടെയും ജീവിത സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മന്ദിരത്തിൽ സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നവരെ അംഗങ്ങൾ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സന്ദർശനം നടത്തിയ സമിതി അംഗങ്ങൾ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തിയാണ് അറിയിച്ചത്. അനുകരണീയമായ മാതൃകയാണ് നിപ്മർ എന്ന് സന്ദർശനത്തിനുശേഷം യു പ്രതിഭ എംഎൽഎ പ്രതികരിച്ചു. നിപ്മറിലെ വിദഗ്ധരായ ഡോക്ടർമാരുമായി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിലും നിയമസഭാ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. പ്രവർത്തനങ്ങൾ സംബന്ധിച്ച് അധികൃതരോട് വിശദമായി ചോദിച്ചറിഞ്ഞു. നിയമസഭാ സമിതി ഇന്ന് (12) ഗുരുവായൂരിൽ സന്ദർശനം നടത്തി തെളിവെടുപ്പ് യോഗം നടത്തുകയും ചെയ്യും.