ആരാധാനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ ക്ഷേത്രത്തിന് മുതല്‍കൂട്ടാകും. തിരുനെല്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് മൂന്ന് കോടി 80 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച എക്സ്പാന്‍ഷന്‍ ഫേസ് ഓഫ് റെനോവേഷന്‍ ഓഫ് തിരുനെല്ലി ടെമ്പിള്‍ പ്രിമൈസസ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

തിരുനെല്ലിയില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വിശ്രമ കേന്ദ്രം, പാപനാശിനി ബലിക്കടവ്, പാപനാശിനിയിലേക്കുള്ള പാത, വസ്ത്രം മാറുന്നതിനുള്ള മുറി, ടോയ്ലറ്റ് ബ്ലോക്ക്, റിഫ്രഷ്മെന്റ് റൂം, പാപനാശിനി വരെ വഴി വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികളുടെ നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ദിവസേന ക്ഷേത്രത്തില്‍ എത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഫെസിലിറ്റേഷന്‍ സെന്ററും മറ്റ് സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.

പഞ്ചതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെയുള്ള പാതയാണ് കരിങ്കല്ല് പാകിയിട്ടുള്ളത്. കൂടാതെ കൈവരികളും വഴിവിളക്കുകളും പാതയുടെ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചതീര്‍ത്ഥക്കുളത്തിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.