കുന്നംകുളം നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. എ സി മൊയ്തീൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലതല പട്ടയ അസംബ്ലി യോഗത്തിലാണ് തീരുമാനം. പട്ടയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിനു കീഴിലും വരുന്ന പട്ടയങ്ങളുടെ വിവരം ജനപ്രതിനിധികൾ വഴി ശേഖരിക്കും. ശേഖരിച്ച വിവരങ്ങളിൽ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു തവണ യോഗം ചേർന്ന് വേണ്ട നടപടി സ്വീകരിക്കും. പട്ടയം ലഭിച്ചിട്ടും നികുതി അടയ്ക്കാൻ കഴിയാത്ത പ്രശ്നം ഒരു മാസത്തിനകം പരിഹരിക്കാനും എംഎൽഎ നിർദ്ദേശം നൽകി.

വിവിധ വകുപ്പിന് കീഴിൽ വരുന്ന ഭൂമികൾക്ക് പട്ടയം ലഭ്യമാകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചു. പാറപുറമ്പോക്ക് ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പട്ടികജാതി വിഭാഗത്തിന്റെ പട്ടയ കാര്യത്തിൽ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

കുന്നംകുളം നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ്ടോപ്പ്, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 21.88 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാപ്ടോപ്പ്, പ്രിന്റർ എന്നിവ നൽകിയത്. മണ്ഡലത്തിലെ 15 വില്ലേജുകൾക്കായി 42 ലാപ്ടോപ്പുകളും 10 മൾട്ടി ഫങ്ഷൻ പ്രിന്ററുകളുമാണ് വിതരണം ചെയ്തത്. വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുന്ന ഓൺലൈൻ സേവനങ്ങൾ കൂടുതൽ വേഗത്തിൽ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായാണ് പദ്ധതി.