ജനാധിപത്യത്തിൽ രാജ്യം പ്രതികൂല പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനാ സാക്ഷരതയും പൊതു സമൂഹത്തെ പഠിപ്പിക്കാൻ ഗ്രന്ഥശാലകൾക്കാവണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൃപ്പനച്ചി ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനയെ സോഷ്യൽ മീഡിയകൾ കൈയടക്കുന്ന കാലഘട്ടത്തിൽ ഗ്രന്ഥശാലകൾ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രഥമായ രീതിയിൽ പുനരുജ്ജീവിപ്പിക്കണം. സമൂഹത്തിൽ വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകാൻ ആരോഗ്യകരമായ ചർച്ചകൾ സംഘടിപ്പിക്കണം. ഇതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ഉബൈദുള്ള എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തൃപ്പനച്ചിയിൽ ഗ്രന്ഥാലയത്തിന് പുതിയ കെട്ടിടം നിർമിച്ചത്. 7000ത്തിൽപ്പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിനും തുക അനുവദിക്കുമെന്ന് എം.എൽ.എ ചടങ്ങിൽ അറിയിച്ചു.