കലക്ടറേറ്റിലെ താഴത്തെ നിലയില് പുതുതായി സജ്ജീകരിച്ച കോണ്ഫറന്സ് ഹാള് അനക്‌സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന് നിര്വഹിച്ചു. മധ്യകേരളത്തിലെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന നിലയില് വ്യത്യസ്തങ്ങളായ ഔദ്യോഗിക പരിപാടികള് നടക്കാറുള്ള തൃശൂര് കലക്ടറേറ്റില് പുതുതായി ഒരുക്കിയ കോണ്ഫറന്സ് ഹാള് ഏറെ പ്രയോജനകരമാണെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് ഫണ്ട് ഉപയോഗിച്ച് വീഡിയോ കോണ്ഫറന്സിംഗ് സൗകര്യങ്ങളോടു കൂടിയ വിശാലമായ മറ്റൊരു കോണ്ഫറന്സ് ഹാളും കൂടി കലക്ടറേറ്റില് സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കലക്ടറേറ്റിന്റെ താഴെ നിലയില് പുറത്തേക്കുള്ള ഗേറ്റിന്റെ ഭാഗത്തെ ഒന്ന്, രണ്ട്, മൂന്ന് മുറികള് കൂട്ടിച്ചേര്ത്താണ് 150ലേറെ പേര്ക്ക് ഇരിക്കാവുന്ന കോണ്ഫറന്സ് ഹാള് നിര്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് 1900 ചതുരശ്ര അടിയില് നിര്മിച്ചിരിക്കുന്ന കോണ്ഫറന്സ് ഹാളിലേക്കുള്ള ഫര്ണിച്ചറുകള് മണപ്പുറം ഫിനാന്സിന്റെ സിഎസ്ആര് ഫണ്ടില് നിന്നാണ് ലഭ്യമാക്കിയിരിക്കുന്നത്.