കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബി.എന്‍.എസ്.ഇ.പി കമ്മറ്റിയും സാധിക എം.ഇ.സി ഗ്രൂപ്പും സംയുക്തമായി മാനന്തവാടിയില്‍ നടത്തിയ ചക്ക മഹോല്‍ത്സവം ചക്ക വിഭവങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന ചക്ക മഹോത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ബ്ലോക്കിന് കീഴിലെ 7 സി.ഡി.എസുകളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളാണ് ചക്ക മഹോത്സവത്തില്‍ വിപണനത്തിനായി ഒരുക്കിയത്. സംരഭകത്വ മേഖലകളില്‍ വനിതകളെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്.

ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങള്‍, ചക്ക ചിപ്പ്സ്, ചക്ക വരട്ടിയത്, ചക്ക ഉണ്ണിയപ്പം, ചക്ക കട്ലറ്റ്, ചക്ക അച്ചാറുകള്‍, ചക്ക വടക്, ചക്ക പപ്പടം തുടങ്ങിയ വൈവിധ്യ വിഭവങ്ങളുടെ നീണ്ട നിരയാണ് ചക്കമഹോത്സവത്തില്‍ ഇടം പിടിച്ചത്. ചക്ക ബിരിയാണി, ചക്ക കൊണ്ട് നിര്‍മ്മിച്ച ചപ്പാത്തി, പൂരി, ചക്കപ്പായസം തുടങ്ങി അമ്പതില്‍പ്പരം ഉത്പ്പന്നങ്ങളാണ് ചക്ക മഹോത്സവത്തില്‍ വില്‍പ്പനക്കായി എത്തിച്ചത്.