•  ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ സന്ദേശം നല്‍കും
  • കോര്‍പ്പറേറ്റ് പ്രതിനിധികള്‍ പങ്കെടുക്കും
  • ധാരണാപത്രം ഒപ്പുവെക്കും

ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വെള്ളിയാഴ്ച (14.7.23) നടക്കും. പടിഞ്ഞാറത്തറ താജ് വയനാട് റിസോര്‍ട്ടിലാണ് രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ വയനാട് ഇനീഷ്യേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട് ‘വൈഫൈ 23’ കോണ്‍ക്ലേവ് നടക്കുക. വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. വയനാടിന്റെ വിവിധ മേഖലകളില്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളില്‍ ലക്ഷ്യമിടുന്ന പോജക്ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകള്‍ സെക്ടറുകളായി തിരിച്ച് കോണ്‍ക്ലേവില്‍ വിഷയാവതരണം നടത്തും.

സര്‍ക്കാര്‍ പദ്ധതികളോടൊപ്പം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സ് ഫണ്ടുകള്‍ കൂടി ലഭ്യമാക്കി ജില്ലയ്ക്ക് അതിവേഗ വികസനം സാധ്യമാകും. പരിമിതികളുള്ള മേഖലയിലാണ് സി.എസ്.ആര്‍ ഫണ്ടുകള്‍ ആവശ്യപ്പെടുക. പ്രമുഖ കമ്പനികളെല്ലാം അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് വിനിമയം ചെയ്യപ്പെടുന്നത്. വയനാട് പോലുള്ള ജില്ലയില്‍ ഇത്തരത്തിലുള്ള പിന്തുണ പദ്ധതികള്‍ ലഭ്യമാകുന്നത് കുറയുന്ന സാഹചര്യത്തിലാണ് ഇവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കോണ്‍ക്ലേവ് ഒരുക്കുന്നത്. നീതി ആയോഗ്, സംസ്ഥാന സര്‍ക്കാര്‍, കെ.എസ്.ഐ.ഡി.സി , വയനാട് ഡി.ടി.പി.സി, ഐ.ടി.മിഷന്‍ എന്നിവരുടെയും പിന്തുണ വൈഫൈ 23 കോണ്‍ക്ലേവിന് ലഭ്യമായിട്ടുണ്ട്.

ഏഴ് ശില്‍പ്പശാലകള്‍ 45 പ്രോജക്ടുകള്‍

ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി ഒന്നരമാസമായി നടത്തിയ ഏഴ് ശില്‍പ്പശാലകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് കോണ്‍ക്ലേവില്‍ അവതരിപ്പിക്കുക. 90 പ്രോജക്ടുകളില്‍ നിന്നും മൂന്ന് തവണയായി സ്‌ക്രീനിങ്ങ് നടത്തി തെരഞ്ഞെടുത്ത 45 പ്രോജക്ടുകള്‍ കോര്‍പ്പറേറ്റ് പ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. സി.എസ്.ആര്‍ കമ്പനികള്‍ക്ക് പിന്തുണ നല്‍കാന്‍ താല്‍പ്പര്യമുള്ള പ്രോജക്ടുകളില്‍ കോണ്‍ക്ലേവ് വേദിയില്‍ തന്നെ ധാരണാപത്രം ഒപ്പു വെക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ആവശ്യാനുസരണം കമ്പനികളുടെ ബോര്‍ഡുയോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ പദ്ധതികളുടെയും സംക്ഷിപ്ത രൂപം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് കൈമാറും. കോണ്‍ക്ലേവിനായി തയ്യാറാക്കിയ പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ ഇതിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇതുവഴി ജില്ലയ്ക്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ സഹായം നല്‍കാന്‍ തയ്യാറുള്ള ഏതൊരു ഏജന്‍സിയ്ക്കും കമ്പനികള്‍ക്കും ഈ പോര്‍ട്ടല്‍ പരിശോധിച്ച് ഫണ്ട് നല്‍കാന്‍ കഴിയും.

ആരോഗ്യ ,ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും

ജില്ലയില്‍ ആദ്യമായി വിളിച്ചുചേര്‍ക്കുന്ന സി.എസ്.ആര്‍ കോണ്‍ക്ലേവില്‍ ജില്ലാ ഭരണകൂടം ആരോഗ്യ, വിദ്യാഭ്യാസ, ആദിവാസി മേഖലകളുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ജില്ലയ്ക്ക് കൂടുതല്‍ പ്രാപ്യമാകുന്ന അഞ്ച് വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സി.എസ്.ആര്‍ ഫണ്ടിനായുള്ള പ്രോജക്ടുകള്‍ തയ്യാറാക്കിയത്. ആരോഗ്യം പോഷകാഹാരം, വിദ്യാഭ്യാസം നൈപുണ്യ വളര്‍ച്ച, ആദിവാസി ഉന്നമനം, കൃഷി വ്യവസായം മറ്റു മേഖലകള്‍, സുസ്ഥിര ടൂറിസം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിങ്ങനെയുളള മേഖലകളില്‍ സംക്ഷിപ്തവും പൂര്‍ണ്ണവുമായ പ്രോജക്ടുകള്‍ കോണ്‍ക്ലേവില്‍ ക്രമാനുഗതമായി അവതരിപ്പിക്കും. പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍, മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, ബോധവത്കരണ സംവിധാനങ്ങള്‍, വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, പഠനോപകരണങ്ങള്‍, നൈപുണ്യ വികസനം, ഗോത്രഗ്രാമങ്ങളെ ദത്തെടുക്കല്‍, കാര്‍ഷിക സംരംഭകത്വം, ടൂറിസം അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ശ്രമിക്കും.

ചീഫ് സെക്രട്ടറി സന്ദേശം നല്‍കും

പ്രഥമ കോണ്‍ക്ലേവിന് വെള്ളിയാഴ്ച രാവിലെ 10 ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം എന്‍.ഐ. ഷാജു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, കോര്‍പ്പറേറ്റ് കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പ്തല ജീവനക്കാര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.