മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർമ്മസേനയ്ക്ക് വാഹനം നൽകിയത്. ജില്ലാ പഞ്ചായത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കേരള ശുചിത്വ മിഷന്റെ രണ്ട് ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈ ഓട്ടോ ഉപയോഗപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ശശികുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ്, ഹരിത കർമ്മസേന അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷ നിഷ ദിലീപ്, വി.ഇ.ഒ അശ്വതി ജോമോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.