അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രഷര്‍ കുക്കറുകള്‍ വിതരണം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പരിമിത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടികളില്‍ ഇപ്പോള്‍ വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. അങ്കണവാടികളിലേക്ക് കുട്ടികളേയും രക്ഷിതാക്കളേയും ആകര്‍ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിയന്നൂര്‍, കാഞ്ഞിരംകുളം കോട്ടുകാല്‍, വെങ്ങാനൂര്‍, കരുംകുളം ഗ്രാമപഞ്ചായത്തുകളിലെ 141 അങ്കണവാടികള്‍ക്ക് 10 ലിറ്റര്‍ സംഭരണശേഷിയുള്ള പ്രഷര്‍ കുക്കറുകളാണ് നല്‍കിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന പാരന്റല്‍ ക്ലിനിക്കും കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.വി മന്‍മോഹന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സുനിത റാണി ബി.ബി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക് സെക്രട്ടറി ധീരജ് മാത്യു ജെ.ജെ, അതിയന്നൂര്‍ സി.ഡി.പി.ഒ ശിവപ്രിയ എന്നിവരും പങ്കെടുത്തു.