കാലവര്‍ഷക്കെടുതിയില്‍ അടിസ്ഥാന സൗകര്യങ്ങളടക്കം തകര്‍ന്ന സുഗന്ധഗിരിയുടെ പുനരുദ്ധാരണം വേഗത്തിലാക്കാന്‍ സമഗ്രപദ്ധതികളുമായി വയനാട് ജില്ലാ ഭരണകൂടം. സുഗന്ധഗിരി മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അമ്പ, ആറാം ഡിവിഷന്‍ എന്നിവിടങ്ങളിലുളള റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ തുടങ്ങും. കനത്തമഴയില്‍ ഒലിച്ചുപോയ പാലങ്ങളും പുനഃസ്ഥാപിക്കും. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുരക്ഷാമതിലുകളും പണിയും. ട്രൈബല്‍ വകുപ്പിന്റെ ഡി.ആര്‍.ഡി.എം ഫണ്ട് ഇതിനായി ഉപയോഗിക്കും. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവരുടെ പുനരധിവാസവും ഉറപ്പുവരുത്തുന്നതിനുളള നടപടികളും ഉടന്‍ സ്വീകരിക്കും. വനംവകുപ്പ് അനുവദിച്ച നാല്‍പത് ഏക്കര്‍ ഭൂമിയിലെ സുരക്ഷിത സ്ഥങ്ങളിലേക്ക് കുടുംബങ്ങളെ കാലതാമസമില്ലാതെ പുനരധിവസിപ്പിക്കും. അതോടൊപ്പം മേഖലയിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനുളള നടപടികളും ത്വരിതപ്പെടുത്തും. തകര്‍ന്ന കുടിവെളള പൈപ്പുകള്‍ മാറ്റി മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലെ ഓഫീസര്‍ മുഖേന നടപടി സ്വീകരിക്കും. പ്രദേശത്തെ കുടുംബങ്ങളുടെ ഉപജീവനം ലക്ഷ്യമാക്കി തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷിടിക്കാനും യോഗത്തില്‍ തീരുമാനമായി.
മഴക്കെടുതിയില്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുളള ദുരിതാശ്വാസ ധനസഹായം ഇനിയും ലഭ്യമാകാത്തവര്‍ക്ക് നാല് ദിവസത്തിനകം ആനുകൂല്യം വിതരണം ചെയ്യും. കന്നുകാലികളെ വാങ്ങാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ വൈദ്യുതി വിതരണം നടത്തുന്നതിനുളള സമഗ്ര പാക്കേജിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കെ.എസ്.ഇ.ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധഗിരിയെ വീണ്ടെടുക്കാനുള്ള സമഗ്രമായ പദ്ധതികളാണ് വിവിധ വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ ലഭ്യമാക്കാനുള്ള സംരംഭങ്ങളും ഇവിടെ ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആലോചിക്കും. എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
