വയനാട്: കാലവര്‍ഷത്തില്‍ ജില്ലയിലെ 52 അങ്കണവാടി കെട്ടിടങ്ങള്‍ക്ക് ഒന്നര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. 11 കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാടുണ്ടാവുകയും 20 എണ്ണം ഭാഗികമായും തകര്‍ന്നു. ചിലതിന്റെ ചുറ്റുമതിലും തകര്‍ന്നു. വാര്‍പ്പും ഷീറ്റും ഉള്‍പ്പെടെയുള്ള മേല്‍ക്കൂരകള്‍ക്ക് കേടുപാട് പറ്റിയതും നിലത്തുപാകിയ ടൈലുകള്‍ തകരാറിലായതുമായ കെട്ടിടങ്ങളും നിരവധിയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം.
കല്ലൂര്‍, കല്ലൂര്‍കുന്ന്, നെന്മേനിക്കുന്ന്, പുളിമരം, കുറ്റിക്കൈത, അമ്മാനി, പ്ലാമൂല, മാനിവയല്‍, കൈതവല്ലി, കല്ലംതോട്, കടച്ചിക്കുന്ന്, പിലാക്കാവ് മണിയന്‍കുന്ന് എന്നിവിടങ്ങളിലെ അങ്കണവാടികളെല്ലാം പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയിലാണ്. പൊഴുതന, കോട്ടത്തറ, തിരുനെല്ലി, പനമരം പഞ്ചായത്തുകളിലേയും മാനന്തവാടി നഗരസഭയിലേയും അങ്കണവാടികള്‍ക്കാണ് കാലവര്‍ഷക്കെടുതി കൂടുതല്‍ ബാധിച്ചത്. ഇവിടങ്ങളിലെ അങ്കണവാടികള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
അങ്കണവാടികള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, വായനശാലകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍ എന്നിവയ്ക്കും പ്രളയത്തില്‍ വലിയ നാശം സംഭവിച്ചു. 140 കെട്ടിടങ്ങളാണ് തകര്‍ന്നത്. 10 കോടിയോളം രൂപ ഇത്തരം കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. പഞ്ചായത്തിന്റെ ഫണ്ടും വിവിധ സന്നദ്ധസംഘടനകളുടെ സഹായവും പിന്തുണയും നേടി കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്. ചില പഞ്ചായത്തുകളില്‍ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റ ജോലികള്‍ക്കും ഇതിനകം ഫണ്ട് അനുവദിച്ചിട്ടുണ്ട്.