കൊല്ലം സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്നക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകള്‍. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്യും. ഒരു വര്‍ഷത്തേക്ക് രണ്ട് ജാമ്യക്കാരോടു കൂടി ഒരു ലക്ഷം രൂപയുടെ ബോണ്ടിലും ഒപ്പിടണം. തുടര്‍ന്നും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കി കേസില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാരിലേക്ക് കെട്ടിവയ്ക്കും. അല്ലാത്തപക്ഷം ജാമ്യം നിന്നവരുടെ സ്ഥാവര സ്വത്തുക്കള്‍ ജപ്തി ചെയ്ത് തുക സര്‍ക്കാരിലേക്ക് അടയ്ക്കും.

സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 16 പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തില്‍ സ്ഥിരം പ്രശ്നക്കാരായ 500 ഓളം പേര്‍ക്കെതിരെയാണ് കൊല്ലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 250 ഓളം പേരെ കൊണ്ട് സമാധാനപാലനം /നല്ല നടപ്പിനുള്ള ബോണ്ടില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിരാക്കി.

തുടര്‍ന്നും ബോണ്ടിലെ വ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 25 ഓളം പേര്‍ക്ക് ജാമ്യം നിന്നവരുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നു. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് പ്രശ്നം വരുത്തുന്നവര്‍ക്കെതിരേ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകളും, ബോണ്ടും ഒപ്പിട്ട് പൂര്‍ത്തീകരിച്ചിട്ടുള്ളത് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണെന്നും പോലീസ്- റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു.