ആദിവാസികളും കര്‍ഷകരും ദുര്‍ബലവിഭാഗങ്ങളും ഏറെയുള്ള വയനാട് ജില്ലയ്ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സന്നദ്ധതയുമായി കോര്‍പ്പറേറ്റ് സി.എസ്.ആര്‍ എജന്‍സികള്‍ ചുരം കയറിയെത്തി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട പ്രഥമ സി.എസ്.ആര്‍ കോണ്‍ക്ലേവാണ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവായത്. താജ് വയനാടില്‍ നടന്ന കോണ്‍ക്ലേവില്‍ 24 സി.എസ്.ആര്‍ ഏജന്‍സികള്‍ നേരിട്ടും അഞ്ച് കോര്‍പ്പറേറ്റ് ഏജന്‍സികള്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുത്തു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കിംസ് ഹെല്‍ത്ത് കെയര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങിയ ഏജന്‍സികളാണ് ഓണ്‍ലൈനിലൂടെ കോണ്‍ക്ലേവിന്റെ ഭാഗമായത്. പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്, കെ.എസ്.ഐ.ഡി.സി, കേരള ഇന്‍ഫ്രാസ്ട്രകചര്‍ ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍ മലയാളം, ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, റോട്ടറി ഇന്റര്‍നാഷണല്‍, സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, പിരമല്‍ ഫൗണ്ടേഷന്‍, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, മണപ്പുറം ഫൗണ്ടേഷന്‍, കബനി വാലി റോട്ടറി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇസാഫ് ബാങ്ക്, ഐ.സി.ഐ.സി ഫൗണ്ടേഷന്‍, കനറാ ബാങ്ക്, താജ് വയനാട്, ഇന്‍കല്‍ ലിമിറ്റഡ് കമ്പനി പ്രതിനിധികള്‍ നേരിട്ട് വൈഫൈ 23 സി.എസ്.ആര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

വിവിധ വകുപ്പുകള്‍ അഞ്ചു സെക്ടറുകളായി ജില്ല ലക്ഷ്യമിടുന്ന പദ്ധതികള്‍ കോണ്‍ക്ലേവില്‍ വിശദീകരിച്ചു. വയനാടിന് കരുത്തുപകരുന്ന സഹായങ്ങള്‍ സി.എസ്.ആര്‍ ഫണ്ടിലൂടെ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം വൈഫൈ 23 പ്രത്യേക വെബ്‌സൈറ്റും വിഭാവനം ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്ന് എവിടെ നിന്നും ആര്‍ക്കും അവരുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി ജില്ലയ്ക്കായി ഇതുവഴി സഹായമെത്തിക്കാം.