നടപടി കരുതലും കൈത്താങ്ങും അദാലത്തിലെ പരാതി പ്രകാരം
സ്വകാര്യ വ്യക്തി കെട്ടിടാവശിഷ്ടങ്ങളും മണ്ണും നിക്ഷേപിച്ചതിനെ തുടര്‍ന്ന് തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ കൃഷിക്കും സ്വത്തുവകകള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കോട്ടോപ്പാടം സ്വദേശിയുടെ പരാതിയില്‍ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ പരിഹാരം. കോട്ടോപ്പാടം മൂന്ന് വില്ലേജ് പരിധിയില്‍ കണ്ടമംഗലം പള്ളാട് സ്വദേശി ബെന്നിയാണ് അദാലത്തില്‍ പരാതി നല്‍കിയത്. മഴക്കാലത്ത് മലവെള്ളം ഒഴുകിപ്പോകുന്ന തോട്ടില്‍ എതിര്‍കക്ഷി കെട്ടിടാവശിഷ്ടങ്ങളും മണ്ണും നിക്ഷേപിച്ചതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടിരുന്നു. ബെന്നിയുടെ വീടിനു സമീപം പറമ്പിലൂടെയാണ് തോട് ഒഴുകിയിരുന്നത്.
ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസറും മണ്ണാര്‍ക്കാട് തഹസില്‍ദാരും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നീരൊഴുക്ക് തടസപ്പെട്ടതുമൂലം ബെന്നിയുടെ വീടിനും കൃഷിക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസര്‍ മുഖാന്തരം എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി.
എന്നാല്‍ എതിര്‍കക്ഷി ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മണ്ണാര്‍ക്കാട് താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തോട്ടിലെ മണ്ണും കെട്ടിടാവശിഷ്ടങ്ങളും കല്ലും ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്ത് തോട് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാമന്‍കുട്ടി, അബ്ദുറഹ്മാന്‍ പോത്തുകാടന്‍, കോട്ടോപ്പാടം മൂന്ന് വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും തഹസില്‍ദാര്‍ക്കൊപ്പം ഉണ്ടായിരുന്നു.