സമൂഹത്തിന്റെ വളർച്ചയിൽ തൊഴിൽ നിപുണരായ ജനത പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ വിദഗ്ധ തൊഴിലുകൾ സൃഷ്ടിക്കണം. വ്യത്യസ്തമായ തൊഴിൽ മേഖലകളിലൂടെയാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്. തൊഴിൽ വൈദഗ്ധ്യത്തിൽ യുവജനങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും യുവജനങ്ങൾ കൂടുതലുള്ള കേരളത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവജന നൈപുണ്യ ദിന ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ സ്കിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രെയിനർ രജിസ്‌ട്രേഷൻ ഡ്രൈവിന് തുടക്കം കുറിച്ചു. സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണവുമായി ബന്ധപ്പെട്ടാണ് ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്‌ട്രേഷൻ ഡ്രൈവിന് തുടക്കമായത്. കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർദ്ധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരേയും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs എന്നീ ലിങ്കുകൾ ഉപയോഗിച്ച് പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 920 70 27 267 നമ്പറിൽ ബന്ധപ്പെടുക.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ അധ്യക്ഷത വഹിച്ചു. കെ.എ.എസ്.ഇ ( കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്) സ്കിൽ കോഓഡിനേറ്റർ മധു കെ ലെനിൻ, ജില്ലാ സ്കിൽ കമ്മിറ്റി അംഗങ്ങൾ, നൈപുണ്യ പരിശീലകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.