ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്വാപ്പ് ഷോപ്പിലേക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വസ്ത്രങ്ങൾ കൈമാറി. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ ഗ്രീൻ കൊച്ചി മിഷന്റെ സഹകരണത്തോടെ കളക്ടർ എൻ എസ് കെ ഉമേഷിനു വസ്ത്രങ്ങൾ കൈമാറിയത്.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റ ഭാഗമായാണ് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നവകേരളം മിഷന്റെ സഹകരണത്തോടെ സിവിൽ സ്റ്റേഷനിൽ സ്വാപ്പ് ഷോപ് ആരംഭിച്ചത്. ഉപയോഗയോഗ്യമായ വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. ഫർണിച്ചർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് സ്വാപ്പ് ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ ജീവനക്കാരിൽ നിന്നും ശേഖരിച്ചിട്ടുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ വസ്തുക്കളാണ് സ്വാപ് ഷോപ്പിലൂടെ ലഭിക്കുന്നത്. സിവിൽ സ്റ്റേഷനിലുള്ള മറ്റു ഓഫീസുകളിലെ ജീവനക്കാർക്കോ, സന്ദർശകർക്കോ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങുകയോ സാധനങ്ങൾ ഷോപ്പിൽ നൽകുകയോ ചെയ്യാം.

കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ കെ മനോജ്, നവ കേരള മിഷൻ ജില്ലാ കോ- ഓഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ജോസി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീനിവാസ് കമ്മത്ത്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ കെ ജെ ലിജി എന്നിവർ പങ്കെടുത്തു.