മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദേവസ്വം, പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അനുശോചിച്ചു. എംഎൽഎയും മന്ത്രിയുമായ 1996 മുതൽ ആരംഭിച്ച ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായുള്ളത്. നിയമസഭയിലും പുറത്തും ഭരണപക്ഷത്തുള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ആ ബന്ധം അണമുറിയാതെ ഞങ്ങൾ സൂക്ഷിച്ചിരുന്നു. പരസ്പര സ്‌നേഹത്തോടെയും ആദരവോടെയുമായിരുന്നു എപ്പോഴും അദ്ദേഹം ഇടപെട്ടിരുന്നത്. ജനകീയ വിഷയങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ സവിശേഷമായിരുന്നെന്നും മന്ത്രി കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനപക്ഷ രാഷ്ട്രീയത്തിന്റെ രസതന്ത്രം നല്ലതുപോലെ ഹൃദ്യസ്ഥമാക്കിയ ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അനുശോചിച്ചു. വിദ്യാർഥി യുവജന രാഷ്ട്രീയത്തിന്റെ അനുഭവങ്ങൾ കൈമുതലാക്കിയാണ് അദ്ദേഹം മുന്നോട്ടു പോയത്. അതുകൊണ്ട് തന്നെ യുവജന വിദ്യാർഥി നേതാക്കൾക്ക് പ്രത്യേക പരിഗണനയും അവസരങ്ങളും കൊടുക്കുന്നതിന് ശ്രദ്ധ കാണിച്ചിരുന്നു. വ്യത്യസ്തമായ പക്ഷങ്ങളിൽ നിന്ന് കടുത്ത സമരങ്ങൾക്ക് നേതൃത്വം നൽകുമ്പോഴും സർക്കാർ തല യോഗങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും വ്യക്തി ബന്ധങ്ങളിൽ ഒട്ടു അകൽച്ച പാലിക്കാത്ത നേതാവായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തന കാലയളവിലും പിന്നീട് എംഎൽഎ ആയിരുന്നപ്പോഴും ചീഫ് വിപ്പായിരുന്നപ്പോഴും പിന്നീട് മന്ത്രി ആയി ചുമതലയേറ്റപ്പോഴും അദ്ദേഹവുമായുള്ള അടുപ്പം നല്ലതുപോലെ കാത്തു സൂക്ഷിച്ചു. രാഷ്ട്രീയ വിദ്യാർഥികൾ നല്ലതു പോലെ മനസിലാക്കേണ്ട ഒരു പാഠപുസ്തകം കൂടിയാണ് അദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരെ വിശ്വാസത്തിലെടുത്ത് അവർക്കിടയിൽ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടം തന്നെയാണെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
എല്ലാ രാഷട്രീയധാരകളിലുംപെട്ട പൊതുപ്രവർത്തകർക്ക് ഒരു പഠനപുസ്തകമായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുസ്മരിച്ചു. ആധുനീക കേരളത്തിന്റെ നിയമനിർമാണസഭയിലും ഭരണനിർവഹണരംഗത്തും അദ്ദേഹത്തിന്റെ വിലയേറിയ സേവനങ്ങൾ വരും തലമുറകൾ ഓർമിക്കും. അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.