ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 166 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, കൃത്രിമ കാല്‍, കൈ, മുച്ചക്രവാഹനം, വാക്കിങ് സ്റ്റിക്ക്, റോളേറ്റര്‍, ക്രച്ചസ്, ശ്രവണ സഹായി തുടങ്ങിയ 251 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

ഇടുക്കി, കട്ടപ്പന ബ്ലോക്ക് തല ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം തടിയമ്പാട് ഫാത്തിമ മാതാ പള്ളി ഓഡിറ്റോറിയത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കില്‍ നിന്ന് തെരഞ്ഞെടുത്ത 122 പേര്‍ക്കാണ് ഇവിടെ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍, ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക് ഉള്‍പ്പെടെ 9.23 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

തടിയമ്പാട് ഫാത്തിമ മാതാ പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ കെ ബിജു, അംഗങ്ങളായ ജോബി മാത്യു പൊന്നാട്ട്, ലാലി ജോയി, ഇളംദേശം ബ്ലോക്ക് അംഗം ആല്‍ബര്‍ട്ട് ജോസ്, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ബിനോയി വി ജെ എന്നിവര്‍ പങ്കെടുത്തു.