മാപ്രാണം വാതില്മാടം കോളനിയിലെ മണ്ണിടിച്ചില് പ്രശ്‌നത്തിന് മന്ത്രിതല യോഗത്തില് പരിഹാരം. മണ്ണിടിച്ചില് പ്രദേശത്ത് താമസിക്കുന്ന വീട്ടുകാരെ എത്രയും വേഗം പുനരധിവസിപ്പിക്കുന്നതിന് ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനമായി.
മണ്ണിടിച്ചില് ഭീഷണി നേരിടുന്ന പ്രദേശത്തെ നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലം ഇവരുടെ പേരില് തീറ് വാങ്ങുന്നതിനായുള്ള നടപടികളും ഇവര്ക്ക് പുനരധിവാസത്തിനായി അനുവദിച്ച 10 ലക്ഷം വീതമുളള തുക ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിൽ പൂര്ത്തികരിക്കുമെന്നും തഹസിൽദാർ അറിയിച്ചു. ഈ സ്ഥലത്ത് എത്രയും വേഗം വീട് നിര്മ്മിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കും. അത് വരെ താല്ക്കാലികമായി സുരക്ഷിതമായ സ്ഥലങ്ങളില് മാറി താമസിക്കാന് പ്രദേശവാസികള് തയ്യാറാണെന്ന് യോഗത്തില് അറിയിച്ചതായും മന്ത്രി ആര് ബിന്ദു അറിയിച്ചു.
പ്രദേശത്തെ മറ്റ് എട്ടോളം വീടുകള്ക്ക് ഭീഷണിയായി നില്ക്കുന്ന കുന്നുള്ള സ്ഥലം നഗരസഭ ചെയര്പേഴ്‌സണും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച്ച സന്ദർശിച്ച് റിപ്പോർട്ട് കലക്ടര്ക്ക് സമര്പ്പിക്കും. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് സ്ഥലം ഉടമ ആദ്യമേ അപേക്ഷ സമര്പ്പിച്ചിരുന്നു.
ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില് ചേര്ന്ന യോഗത്തില് പ്രദേശത്തെ നാല് താമസക്കാരും താസില്ദാര് കെ ശാന്തകുമാരി, നഗരസഭ ചെയര്പേഴ്‌സണ് സുജ സഞ്ജീവ് കുമാര്, റവന്യു ഉദ്യോഗസ്ഥര്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്, ജിയോളജി ഉദ്യോഗസ്ഥർ, വാര്ഡ് കൗണ്സിലര് എന്നിവരും പങ്കെടുത്തു.