വൈദ്യുതി എല്ലാവര്ക്കും ഉറപ്പാക്കുമ്പോൾ ചെലവ് കൂടുന്നുവെന്ന പേരില് അവകാശങ്ങള് നിഷേധിക്കപ്പെടില്ലന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്കുട്ടി. അനെര്ട്ടിന്റെ ഹരിത വരുമാന പദ്ധതിയുടെ പൂര്ത്തീകരണ പ്രഖ്യാപനവും സൗജന്യ സ്മാര്ട്ട് കിച്ചന് ഉപകരണ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി ഇനിയും എത്താത്ത ഒറ്റപ്പെട്ട ഇടങ്ങളില് വെളിച്ചം എത്തിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് സർക്കാർ.
അതിനുള്ള പദ്ധതികള് ആവിഷ്‌കരിക്കുമ്പോള് വലിയ ചെലവാണ് കണക്കാക്കുന്നത്. എന്നാൽ അതിന്റെ പേരില് ആര്ക്കും അവകാശങ്ങള് നിഷേധിക്കില്ല. കുടുംബങ്ങളുടെ എണ്ണം എത്ര കുറവാണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിലും വൈദ്യുതി ഉറപ്പാക്കും. അത് അവരുടെ അവകാശമാണ്. നിലവിലെ പദ്ധതി പ്രകാരം ടെറസ് ഉള്ള വീടുകളിലാണ് സൗരോര്ജ പ്ലാന്റുകള് സ്ഥാപിക്കുന്നത്. അതിന്റെ ഗുണം സമീപത്തുള്ള വീടുകളിലും ലഭ്യമാകുന്ന രീതിയില് പ്രവര്ത്തനങ്ങള് ഏറ്റെടുക്കും. അങ്കണവാടികളിലും സോളാര് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂര്ക്കര എം എസ് എന് ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് പട്ടികജാതി പട്ടികവര്ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് അധ്യക്ഷനായി. സാധാരണക്കാര്ക്ക് വേണ്ടിയുള്ള പ്രവര്ത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്. സൗരോര്ജ്ജ പദ്ധതി വഴി വൈദ്യുതി ഉറപ്പാക്കുന്നതിനൊപ്പം വരുമാനവും ഉണ്ടാക്കുകയാണ്. 25 വര്ഷത്തെ വാറണ്ടിയോടുകൂടിയുള്ള സോളാര് പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. ഇത്തരം പദ്ധതികള് വഴി സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാര്ത്ഥികള്ക്ക് തൊഴിലും സര്ക്കാര് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

സൗരോര്ജ്ജ പദ്ധതികളുടെ ആനുകൂല്യങ്ങള് സമൂഹത്തില് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളില് എത്തിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന് പദ്ധതി വഴി നിര്മ്മിച്ച വീടുകളിലും പട്ടികജാതി-പട്ടിക വര്ഗ്ഗ ഭവനങ്ങളിലും മല്സ്യത്തൊഴിലാളികളുടെ വീടുകളിലും സൗരോര്ജ്ജ പ്ലാന്റുകള് സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദ്യുതിയും അധിക വരുമാനവും ലഭ്യമാക്കുകയാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നല്കിയത് പട്ടിക ജാതി- പട്ടികവര്ഗ വകുപ്പാണ്. അധിക വൈദ്യുതിയില് നിന്ന് ഒരു ചെറിയ വരുമാനം കണ്ടെത്താന് കുടുംബങ്ങള്ക്ക് സാധിക്കും. സോളാര് പാനലുകള്ക്ക് 25 വര്ഷം വാറന്റി ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര് ജില്ലകളിലായി 305 വീടുകളില് 3 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോര്ജ്ജ നിലയങ്ങള് സ്ഥാപിച്ചു.പദ്ധതിയുടെ ഭാഗമായി ഇന്ഡക്ഷന് സ്റ്റൗ ഗുണഭോക്താവിന് കൈമാറികൊണ്ട് സ്മാര്ട്ട് കിച്ചന് എന്ന സങ്കല്പവും യാഥാര്ത്ഥ്യമാകുകയാണ്.
കുറ്റിക്കാട് കോളനിയിലെ കെ ഗോപിയുടെ വീട്ടില് പദ്ധതിയുടെ സ്വിച്ച് ഓണ് മന്ത്രിമാര് ചേര്ന്ന് നിര്വഹിച്ചു. കുറ്റിക്കാട് കോളനിയില് ഏഴ് വീടുകളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പ്രവര്ത്തനം തുടങ്ങി മൂന്നുമാസത്തിനുള്ളില് തന്നെ വരുമാനം നേടാനാകുന്നുണ്ടെന്ന് ഗുണഭോക്താക്കള് പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിലെ രാമന് കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട് കുന്ന് തുടങ്ങി എട്ട് കോളനികളില് നിന്നായി 42 കുടുംബങ്ങള്ക്കാണ് പ്രയോജനം ലഭിക്കുന്നത്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര് കെ ഗോപാലകൃഷ്ണന്, അനെര്ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് നരേന്ദ്രനാഥ് വേലൂരി, ജില്ലാ കളക്ടര് വി ആര് കൃഷ്ണതേജ, പഴയന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷെലിന്, ജില്ലാ പഞ്ചായത്ത് മെമ്പര് കെ ആര് മായ ടീച്ചര്, ചേലക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളായ കെ കെ ശ്രീവിദ്യ, എല്ലിശ്ശേരി വിശ്വനാഥന്, ജാനകി ടീച്ചര്, വാര്ഡ് മെമ്പര് വി കെ നിര്മല, ജില്ലാ എസ് സി ഡെവലപ്‌മെന്റ് ഓഫീസര് ലിസ ജെ മങ്ങാട്, ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ജയലക്ഷ്മി, അസിസ്റ്റന്റ് എന്ജിനീയര് ടി കെ സുവര്ണ്ണ, അനെര്ട്ട് ജില്ലാ എന്ജിനീയര് കെ വി പ്രിയേഷ് മറ്റ് ജനപ്രതിനിധികള് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.