ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യ/ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 19 മുതൽ 20ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യമുണ്ട്.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷ നൽകൽ പൂർത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെന്റി അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ  APPLICATION എന്ന ലിങ്കിലൂടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി നൽകണം.