നാലമ്പല ദര്ശനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സൗകര്യങ്ങള് വര്ദ്ധിപ്പിക്കുകയും ടൂറിസം സാധ്യതകള് വര്ദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ദേവസ്വങ്ങളുടെ പ്രവര്ത്തനം അഭിനന്ദനാര്ഹമെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു. നാലമ്പല ദര്ശനത്തിന്റെ ഭാഗമായി കെഎസ്ആര്ടിസി സ്‌പെഷ്യല് സര്വീസുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട കൂടല്മാണിക്യ ക്ഷേത്രപരിസരത്ത് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാവിലെ 4.15 നും 4.30 നുമായി രണ്ട് സര്വീസുകളാണ് നാലമ്പല തീര്ഥാടകര്ക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു.
കൂടല്മാണിക്യ ക്ഷേത്രത്തിന്റെ കിഴക്കേ നടയില് നടന്ന ചടങ്ങില് നഗരസഭ ചെയര്പേഴ്‌സണ് സുജ സഞ്ജീവ്കുമാര് അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്മാന് യു പ്രദീപ് മേനോന് മുഖ്യാതിഥിയായി. കെഎസ്ആര്ടിസി വികസന സമിതി കണ്വീനര് ജയന് അരിമ്പ്ര, ജില്ലാ ക്ലസ്റ്റര് ഓഫീസര് കെ ജെ സുനില്, യൂണിറ്റ് ഇന്സ്‌പെക്ടര് ടി കെ കൃഷ്ണകുമാര്, ദേവസ്വം ഭരണസമിതി അംഗങ്ങള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.