സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് നടപ്പാക്കുന്ന വിദ്യാവാഹന്‍ സുരക്ഷാപദ്ധതി നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ ആരംഭിച്ചു. ഉടുമ്പന്‍ചോല അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ പ്രസാദ്, ജി എസ് പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്താകെ ‘വിദ്യാവാഹന്‍’ പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലെ വാഹനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ഈ വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കും. വാഹനങ്ങളില്‍ ഘടിപ്പിച്ച ജി പി എസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് ലഭിക്കുകയാണ് ചെയ്യുക. വാഹനം ഇപ്പോള്‍ എവിടെ എത്തി, വാഹനത്തിന്റെ വേഗത, റൂട്ട്, ഡ്രൈവറുടെയും സഹായിയുടെയും ഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാവും.
പിടിഎ പൊതുയോഗത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സഹദേവന്‍, എസ്എംസി ചെയര്‍മാന്‍ ധനേഷ് കുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സിബി പോള്‍, സ്റ്റാഫ് സെക്രട്ടറി ദീപു പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.