ശുചിത്വസന്ദേശവുമായി ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിജയഗാഥ സൃഷ്ടിക്കുമ്പോള്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ വിജയം പ്രതിഫലിക്കുകയാണ്. മാലിന്യമുക്ത നാടെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളെല്ലാം. വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട വണ്ടന്മേട്ടില്‍ നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രഖ്യാപനം വാക്കിലൊതുക്കാതെ പഞ്ചായത്തിന് കീഴിലെ പ്രദേശങ്ങളെല്ലാം മാലിന്യമുക്തമായി പരിപാലിച്ചുകൊണ്ട് ശുചിത്വരംഗത്ത് മാതൃകയാവുകയാണ് വണ്ടന്മേട്.
കുമളി-മൂന്നാര്‍ ദേശീയപാതയിലെ കാലങ്ങളായുള്ള മാലിന്യം വലിച്ചെറിയല്‍, സമ്മിശ്ര സംസ്‌കാരവും വ്യത്യസ്തമായ ജീവിത രീതികളുള്ള ജനസമൂഹം, തോട്ടംമേഖല എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ വണ്ടന്മേട് മാലിന്യപ്രശ്‌നത്താല്‍ ഏറെ വലഞ്ഞിരുന്നു. വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയ്‌ന്റെ ഭാഗമായി മൂന്ന് മാസത്തെ നീണ്ട പരിശ്രമം വിജയം കണ്ടതോടെ ജൂണ്‍ 5 നാണ് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളും പൂര്‍ണ്ണമായി ശുചീകരിച്ചായിരുന്നു വലിച്ചെറിയല്‍ മുക്ത പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം ശുചിത്വം നിലനിര്‍ത്താന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച കര്‍മ്മ പദ്ധതികള്‍ ഫലം കണ്ടതോടെ വണ്ടന്‍മേട് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശുചിത്വത്തില്‍ വണ്ടര്‍ഫുള്‍ മേടായി മാറി.
ഹരിത കര്‍മ്മസേന യൂസര്‍ഫീയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമിപ്പോള്‍ വണ്ടന്മേടിനാണ്. യൂസര്‍ഫീ ലഭിക്കാത്ത സാഹചര്യവും ഹരിതകര്‍മ്മ സേന അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന പഞ്ചായത്തില്‍ നിന്നാണ് അധികൃതരുടെ ക്രിയാത്മക ഇടപെടലിലൂടെ വണ്ടന്മേട് ഒന്നാം സ്ഥാനത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് ഹരിത കര്‍മ്മ സേന കൂട്ടായ്മയെ അഴിച്ചുപണിത് പുതിയൊരു തുടക്കം കുറിച്ചതോടെയാണ് യൂസര്‍ഫീയിലും ജനങ്ങളുടെ സഹകരണത്തിലും മാറ്റം കണ്ട് തുടങ്ങിയത്.
അങ്ങിനെ അഞ്ച് മാസത്തെ കഠിനധ്വാനത്തിലൂടെ ജില്ലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന യൂസര്‍ഫീ ലഭിക്കുന്ന പഞ്ചായത്തായി വണ്ടന്മേട് മാറി. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തന്നെയാണ് ഈ വിജയത്തിന്റെ നെടുംതൂണ്. ബോധവത്കരണ പരിപാടികളും കാര്യക്ഷമമാക്കിയതോടെ പൊതുഇടങ്ങളിലെ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.