ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മന്ത്രിസഭ പാസ്സാക്കിയ അനുശോചന പ്രമേയം
“മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.യുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഉമ്മൻ ചാണ്ടി കേരളത്തിനു നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെ.എസ് .യു.വിലൂടെ കോൺഗ്രസിലെത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു.
ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപൻ എന്നനിലയ്ക്കും ജനകീയപ്രശ്നങ്ങൾ സമർത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ശ്രീ. ഉമ്മൻചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വർഷങ്ങൾ തുടർച്ചയായി എം.എൽ. എ. ആയിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റിക്കോർഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്”
നിയമസഭാസമ്മേളനം ആഗസ്റ്റ് എഴ് മുതൽ
പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
ശമ്പള പരിഷ്ക്കരണം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു.
അഡ്മിനിസ്ട്രേറ്റീവ്/ ടെക്നിക്കൽ ജീവനക്കാർക്ക് 10.02.2021ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്കരണവും നിബന്ധനകൾക്ക് അനുസൃതമായി അനുവദിക്കും.
കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സർക്കാർ അംഗീകാരമുള്ള സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.