ജില്ലാ വ്യവസായ കേന്ദ്രം; സാമ്പത്തിക സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
വ്യവസായ വാണിജ്യ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിവിധ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌ക്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതി, മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്, ആശ, സംരംഭകത്വ സഹായ പദ്ധതി (ഇ.എസ്.എസ്), ഒരു കുടുംബം ഒരു സംരംഭം, എം.എസ്.എം.ഇ ക്ലിനിക്ക് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വ്യവസായ വാണിജ്യ വകുപ്പ് നിയോഗിച്ച എന്റര്‍പ്രണര്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവിന്റെ (ഇന്റേണ്‍) സഹായത്തോടെയും അപേക്ഷ നല്‍കാം. എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. കൂടാതെ എല്ലാ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും വ്യവസായ വികസന ഓഫീസര്‍മാര്‍ അതാത് ബ്ലോക്ക് പഞ്ചായത്തുകളിലുണ്ടായിരിക്കും. ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ആവശ്യമായ അപേക്ഷ നല്‍കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നേരിട്ടു സ്വീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിലും വൈത്തിരി, മാനന്തവാടി വ്യവസായ ഓഫീസുകളിലും ലൈസന്‍സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളും നല്‍കാം.
തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കിഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ മാത്രം അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി രജിസ്റ്ററില്‍ അംഗത്വമുള്ള 20 നും 40 നും മദ്ധ്യേ പ്രായമുള്ള 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. ഓഖി, സുനാമി, ബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരംഗത്തിന് പരാമവധി 1 ലക്ഷം രൂപ നിരക്കില്‍ 5 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ലഭിക്കും. അപേക്ഷ ഫോമുകള്‍ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളില്‍ നിന്നും വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്സ് ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍: 04936 293214.
എ.സി ബസ്സുകള്‍ ലീസിന്
ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതിയിലുള്ള എ.സി ബസ്സുകള്‍ ലീസിന് എടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം മാനേജിംഗ് ഡയറക്ടര്‍, വയനാട് ജില്ലാ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മാനന്തവാടി പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04935240 535, 9745550270.
വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂളിലെ ഓക്‌സിലിയറി ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് 10 നകം ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ (എ.എന്‍.എം) ട്രെയിനിംഗ് സെന്റര്‍ മേധാവിക്ക് നല്‍കണം. അപേക്ഷയുടെ പകര്‍പ്പ് സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശക്കായി ജില്ലാ സൈനികക്ഷേമ ഓഫീസറുടെ വിമുക്ത ഭട ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 31 നകം സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04936 202668.
എസ്.എസ്.എല്‍.സി/ സി.ബി.എസ്.സി/ ഐ.സി.എസ്.സി പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് നേടിയ വിമുക്തഭടന്‍മാര്‍/ വിധവകളുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധിയില്ല. അര്‍ഹരായ അപേക്ഷകര്‍ ഓഗസ്റ്റ് 25 നകം അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202668.
വിമുക്തഭടന്മാരുടെ അവിവാഹിതരായ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആറു മാസത്തില്‍ കുറയാത്ത കാലയളവളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരായിരിക്കണം. വരുമാന പരിധിയില്ല. മെഡിക്കല്‍, എഞ്ചിനീയറിംങ് ഇവയിലേതെങ്കിലും ഒന്നിനേ സാമ്പത്തിക സഹായം ലഭിക്കു. ഫോണ്‍: 04936 202668.