രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം
സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ പ്രശ്നങ്ങൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്.അജയകുമാര്‍ (മുന്‍ എം.പി), അഡ്വ. സൗമ്യ സോമന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 167 കേസുകളാണ് പരിഗണിച്ചത്.
ഭൂമിക്കുള്ള അവകാശം, വിദ്യാർത്ഥികൾക്ക് പഠനാനുകൂല്യങ്ങൾ, സമാശ്വാസ സഹായങ്ങൾ എന്നിവയിലുള്ള പരാതികളിൽ പരിഹാരം കാണാൻ കഴിഞ്ഞുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. ഹാജരാക്കാത്ത ഉദ്യോഗസ്ഥരോടും റിപ്പോർട്ട് തരാത്തവരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
അദാലത്തിൽ രണ്ടാം ദിനം 48 പരാതികൾ തീർപ്പാക്കി. 80 പരാതികളാണ് പരിഗണിച്ചത്. ആദ്യദിനം 87 പരാതികൾ പരിഗണിച്ച് 67 പരാതികൾക്ക് പരിഹാരം കണ്ടിരുന്നു.
രണ്ടുദിവസങ്ങളിലായി 65 പുതിയ അപേക്ഷകളാണ് ലഭിച്ചത്.നാല് പരാതികളില്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി.
ആസൂത്രണ സമിതി ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എസ്.സി-എസ്.ടി കമ്മീഷന്‍ രജിസ്ട്രാര്‍ ഡി. ലീന ലിറ്റി, അസിസ്റ്റന്റ് രജിസ്റ്റര്‍ ബിന്ദു രാമനാഥ്, പട്ടികജാതി/പട്ടികവര്‍ഗം, പോലീസ്, റവന്യു, വനം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭണം, ആരോഗ്യം, സഹകരണം, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.