ഏലൂർ നഗരസഭയിലെ തോടുകളിലെ എക്കലും ചെളിയും നീക്കാനും കലുങ്ക് നിർമ്മാണത്തിനുമായി രണ്ട് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ നഗരസഭയിലെ തോടുകളുടെ മുഖം മാറുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ നിലവിൽ 33 തോടുകളിലായി 15 കിലോമീറ്ററിലധികം നീളത്തിൽ എക്കൽ നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
നഗരസഭയിലെ ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്കൊപ്പം തകർന്ന കലുങ്കുകളും പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പനച്ചിത്തോട്, അമാംതുരുത്ത് തോട്, വലിയചാൽ തോട്, ചെറുചാൽ തോട്, പത്തേലക്കാട് തോട്, മാടപ്പാട്ട് തോട് എന്നിവിടങ്ങളിൽ എക്കൽ നീക്കൽ പൂർത്തീകരിച്ചു.
കാലവർഷത്തിനു മുന്നോടിയായി പനച്ചിത്തോട്, എക്കൽ നീക്കി വൃത്തിയാക്കിയതോടെ വെള്ളം കരകവിഞ്ഞൊഴുകുന്നത് അവസാനിപ്പിക്കാനും മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും സാധിച്ചിട്ടുണ്ട്. തോടുകളുടെ തീരം ഇടിഞ്ഞുപോകാതിരിക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ട് ബണ്ട് നിർമ്മിക്കുന്നതിനും പദ്ധതിയിൽ അനുമതിയുണ്ട്.
നഗരസഭയിലെ കുഴിക്കണ്ടം പ്രദേശത്തെ കലുങ്ക് നിർമ്മാണം പുരോഗമിക്കുകയാണെന്നും പദ്ധതി പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ എ.ഡി സുജില്‍ പറഞ്ഞു.