വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ യോഗ പരിശീലന കേന്ദ്രമാണ് ആരംഭിച്ചിരിക്കുന്നത്. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യ മോളുടെ മേൽനോട്ടത്തിലാണ് പരിശീലനം നടത്തുന്നത്.

അംഗീകൃത യോഗ്യതയുള്ള ഒരു യോഗ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിലാണ് പരിശീലനം. യോഗ ഇൻസ്ട്രക്ടർ ചന്ദ്രിക ദേവിയാണ് നിലവിൽ പരിശീലനം നൽകുന്നത്. യൂണിഫോമും മറ്റും പരിശീലനാർത്ഥികൾക്ക് ഒരുക്കിയിട്ടുണ്ട്. രോഗങ്ങൾ ഉള്ളവരെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് യോഗ പരിശീലനത്തിനായി ചേർക്കുന്നത്.

പഞ്ചായത്തിലെ വനിതകളുടെ മികച്ച രീതിയിലുള്ള മുന്നേറ്റത്തിനായി ജൻഡർ റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിൻ്റെ ഭാഗമായാണ് വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പറഞ്ഞു. കൗമാരപ്രായക്കാർക്കായി തായ്കൊണ്ടോ പരിശീലനം, ജനമൈത്രി പോലീസിന്റെ സഹായത്തോടെ പ്രായമായവർക്കായി സ്വയരക്ഷാ പരിശീലനം എന്നിവയും സെന്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മില്ലുങ്കൽ പാർക്കിൽ സ്ത്രീകൾക്കുള്ള ഓപ്പൺ ജിം പ്രവർത്തിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്തിലെ യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9895849600 എന്ന നമ്പറിൽ ബന്ധപ്പെടുക.