മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനം
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി ഉത്തർപ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. 18 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആറ് ഉന്നതല ഉദ്യോഗസ്ഥർ, കില പ്രതിനിധി എന്നിവർ അടങ്ങുന്ന 25 പേരുടെ സംഘമാണ് സന്ദർശിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷന് ലഭിച്ച ബ്ലോക്ക് പഞ്ചായത്തായ കൊടകരയുടെ പ്രവർത്തനങ്ങളിൽ സംഘം മതിപ്പ് രേഖപ്പെടുത്തി. അഭിമാന പദ്ധതിയായ ഷീ വർക്സ് സ്പേസ് ഏറെ മാതൃകാപരമാണെന്നും സംഘം അഭിപ്രായപ്പെട്ടു.
വിവിധ പദ്ധതികളെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ഉത്തർപ്രദേശിൽ സംഘാംഗങ്ങളുമായി ചർച്ച നടത്തുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റു അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.