ആലുവയിൽ 23 സ്ഥാപനങ്ങൾക്കെതിരെ നടപടി

നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിരെ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ ഉൾപ്പെട്ട സംയുക്ത സ്ക്വാഡ് ആലുവ മാർക്കറ്റിലെയും പരിസരത്തെയും കടകളിൽ മിന്നൽ പരിശോധന നടത്തി. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടലുകൾ ഉൾപ്പെടെയുള്ള 37 കടകളിൽ നടത്തിയ പരിശോധനയിൽ 23 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് അഞ്ച് കടകൾക്കെതിര കേസ് രജിസ്റ്റർ ചെയ്യുകയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 18 കടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നൽകുകയുമാണ് ചെയ്തത്.

ഇനിയും പരിശോധകൾ തുടരുമെന്നും ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കടകൾ പ്രവർത്തിപ്പിക്കുന്നതിന് അത്യാവശ്യം വേണ്ട ഫുഡ് സേഫ്റ്റി ലൈസൻസ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ് തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കടകളിലെ അളവ് തൂക്ക സംവിധാനങ്ങൾ പരിശോധിച്ചു. പാക്ക്ഡ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതും പരിശോധനാ വിധേയമാക്കി.

ജില്ലാ സപ്ലൈ ഓഫീസർ ടി.സഹീർ, ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. സിന്ധ്യ ജോസ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ വിനോദ് കുമാർ, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഷിയാസ്, താലൂക്ക് സപ്ലൈ ഓഫീസർമാരായ പി.എ റിയാസ്, നിതിൻ മാത്യു കുര്യൻ, കെ.എൻ രവികുമാർ, എം.പ്രിയ, വിവിധ താലൂക്കുകളിലെ റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.