വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. കുന്നത്തുനാട്ടിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്ലേറ്റ് (സസ്റ്റെയിനബിലിറ്റി ലീഡർഷിപ് ആന്റ് ഏജൻ സീ ത്രൂ എജ്യൂക്കേഷൻ) പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ അനുദിനം മാറുന്ന ലോകത്തിനൊപ്പം അവയിലെ നല്ല മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കണം. ശാസ്ത്രം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ഓരോ വിദ്യാർത്ഥികൾക്കും നൽകേണ്ടത്. വിദ്യാർത്ഥികളുടെ കഴിവുകൾ നിരന്തരമായ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങിൽ പി. വി. ശ്രീനിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കുന്നത്തുനാട് മണ്ഡലത്തിൽ എം എൽ എ യുടെ വിദ്യാജ്യോതി പദ്ധതിയും എറണാകുളം സെന്റ് തെരേസാസ് കോളജും സംയുക്തമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡി(ബി.പി.സി.എൽ.)ന്റെ സഹകരണത്തോടെയാണ് സ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്.

സുസ്ഥിര വിദ്യാഭ്യാസത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിൽ സമഭാവനയും സഹാനുഭൂതിയും വളർത്തുക, ഭരണഘടനാപരവും ധാർമികവുമായ കടമകളെയും അവകാശങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരാക്കുക , കളികളിലൂടെയുള്ള ഗണിത പഠനം സാധ്യമാക്കുക തുടങ്ങിയവയും വിദ്യാർത്ഥികൾക്ക് ലഭ്യമാകും. മത്സര പരീക്ഷകൾക്കടക്കം കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലായിരിക്കും പദ്ധതിയുടെ ആവിഷ്കാരം.

നിയോജക മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് സ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്. ബി. പി. സി. എൽ. ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിലുള്ള 11,000 വിദ്യാർത്ഥികൾക്ക് ലഭിക്കും.

വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി എം. എൽ. എ. ഫണ്ടിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് 10 ലക്ഷം രൂപയുടെ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.