മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആലത്തൂരിൽ സ്വന്തമായി ഭൂമിയും ഭൂരേഖയും ഇല്ലാത്ത 8 കുടുംബങ്ങൾക്ക് ആധാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും കൂടിച്ചേർന്ന് മാലിന്യ സംസ്കരണം യാഥാർത്ഥ്യമാക്കണം. ഹരിത കർമ്മ സേന എന്നത് ശുചിത്വ കേരളത്തിന്റെ സൈന്യമാണ്. ഓരോ വ്യക്തിയും പങ്കാളികളായാൽ മാത്രമേ സമ്പൂർണ്ണ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാകൂ. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കാനും അജൈവമാലിന്യം ഹരിത കർമ്മസേനയ്ക്ക് നൽകുവാനും ഓരോ വ്യക്തിയും മുൻകൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള കോൺഫറൻസ് ഹാൾ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ സോളാർ പാനൽ ഉദ്ഘാടനവും ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി ലഭിച്ച 15 സെന്റ് സ്ഥലം ഏറ്റുവാങ്ങലും മന്ത്രി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടന്നു.
14 ലക്ഷം രൂപ ചെലവഴിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള പഞ്ചായത്ത് കോൺഫറൻസ് ഹാൾ നിർമ്മിച്ചത്. 6 ലക്ഷം രൂപ ചിലവിൽ 10 കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ പാനലാണ് ഉദ്ഘാടനം ചെയ്തത്. ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി 15 സെന്റ് സ്ഥലം മൂന്നാം വാർഡ് രാപ്പാളിലെ തേവർമഠത്തിൽ അനന്തനാരായണ അയ്യരിൽ നിന്നും മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങി.
പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫ്രീസർ വാങ്ങുന്നതിനുള്ള തുക കുണ്ടായി വീട്ടിൽ കെ കെ രവീന്ദ്രൻ മന്ത്രിക്ക് നൽകി. ഇരുവരെയും മന്ത്രി എം ബി രാജേഷ് പൊന്നാട നൽകി ആദരിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.