കൊണ്ടോട്ടി മണ്ഡലത്തിൽ നാല് റോഡുകൾ നവീകരികുന്നതിന് 6.5 കോടി രൂപ അനുവദിച്ചതായി ടി.വി ഇബ്രാഹീം എം.എൽ.എ അറിയിച്ചു. ഗ്രാമീണ റോഡുകളിൽ ഉൾപ്പെട്ട കൊണ്ടോട്ടി മേലങ്ങാടി-എയർ പോർട്ട് റോഡിന് രണ്ട് കോടി രൂപയും വാവൂർ – ചെറിയാപറമ്പ് റോഡിന് രണ്ടര കോടി രൂപയും ചുങ്കം മാങ്കടവ്-കോട്ടമ്മൽ റോഡിന് ഒന്നര കോടി രൂപയും ഈ റോഡിന് എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അധികമായും അനുവദിച്ചു. വടക്കേപറമ്പ് – പോത്ത് വെട്ടിപ്പാറ – മുണ്ടക്കുളം പൊതുമരാമത്ത് റോഡിൽ മുതുവല്ലൂർ പഞ്ചായത്തിൽ അരിക് ഇടിഞ്ഞ റോഡിന്റെ പാർശ്വഭിത്തി നിർമിക്കാൻ 25 ലക്ഷം രൂപയും നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.

വടക്കേ പറമ്പ്-പോത്തട്ടിപ്പാറ-മുണ്ടക്കുളം റോഡിന്റെ മുതുവല്ലൂർ പഞ്ചായത്തിൽ കിലോമീറ്റർ 1/1500 ൽ പാർശ്വഭാഗം ഇടിഞ്ഞ് രണ്ട് കുടുംബങ്ങളുടെ വീട് തകർച്ചയുടെ വക്കിലായിരുന്നു. തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം എസ്റ്റിമേറ്റ് എടുക്കുകയും കൊണ്ടോട്ടിയിൽ നടന്ന അദാലത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് സൈഡ് കെട്ടുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.

എം.എൽ.എക്ക് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന തുക ഉപയോഗിച്ചാണ് റോഡുകൾ നവീകരിക്കുന്നത്. ഇതിന്റെ പ്രത്യേക അനുമതിക്കായി ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് എം.എൽ.എ കത്ത് നൽകിയതിനെ തുടർന്നാണ് ഉത്തരവിറങ്ങിയത്.