മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മധ്യമേഖലാ തല ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡൻ്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാർഹിക കംപോസ്റ്റ്, സോക് പിറ്റ് തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി വഴി നിർമിക്കുന്നത് പരിഗണിക്കണം. മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്ക് നിർവഹിക്കാനാവും. ഗാർഹിക മാലിന്യ സംസ്കരണത്തിലും കമ്യൂണിറ്റി തല സംസ്കരണത്തിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കണം. സമഗ്ര നീർത്തട പദ്ധതിയും കാർഷിക കുളങ്ങൾ നിർമ്മിക്കുന്നതും തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പാക്കും. മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് നടപ്പാക്കിയും ആദിവാസി മേഖലയിൽ 200 തൊഴിൽദിനം ഉറപ്പാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതി നടപ്പാക്കിയും ദേശീയ മാതൃക സൃഷ്ടിക്കാൻ നമുക്കായതായും മന്ത്രി പറഞ്ഞു.
കിലയിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ നിസാമുദ്ദീൻ അധ്യക്ഷനായി. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, കേരള പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി സെക്രട്ടറി കെ സുരേഷ്, സെക്രട്ടറി കെ ആർ ജയകുമാർ, പ്രോഗ്രാം ഓഫീസർമാരായ പി ബാലചന്ദ്രൻ നായർ, ആർ രവിരാജ്, പഞ്ചായത്ത് അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.