48 കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
വിദ്യാകിരണം പദ്ധതിപ്രകാരം ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും 48 കെട്ടിടങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി. 2023-24 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച 34 കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയും ആരംഭ ഘട്ടത്തിലാണ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും പഠന ബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വിദ്യാകിരണം. യോഗത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി അവലോകനം, നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് തുടങ്ങിയവ ചര്‍ച്ച ചെയ്തു.
കാലതാമസം ഒഴിവാക്കാന്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി കൃത്യമായി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫിറ്റ്‌നസ് സംബന്ധിച്ച് ഏജന്‍സികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഫിറ്റ്‌നസ് വേഗത്തില്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജൂലൈ 27 ന് കോണ്‍ട്രാക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനമായി. യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.