കൊതുകുജന്യ രോഗങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊളാഷ് തയ്യാറാക്കല്‍ മത്സരം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജെ.ആര്‍.സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
കൽപ്പറ്റ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ നടന്ന വൈത്തിരി ഉപജില്ലാ കൊളാഷ് മത്സരം കൽപ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബും സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ബത്തേരി ഉപജില്ലാ മത്സരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷും ഉദ്ഘാടനം ചെയ്തു. ഒരു സ്‌കൂളില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് വരെ കുട്ടികളാണ് മത്സരിച്ചത്. ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും ജെ.ആര്‍.സി പഠനക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു.
മാനന്തവാടി ഉപജില്ലാതല മത്സരം ജൂലൈ 29 ന് നടക്കും. ഇതില്‍ നിന്നും അഞ്ചു സ്‌കൂളുകളെ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ജില്ലാതല മത്സരം ആഗസ്റ്റ് ആദ്യവാരം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.