കൊല്ലം ചവറ കുടുംബകോടതി ജഡ്ജി കെ. ജി. സനൽകുമാറിനെ ലാ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവായി. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നെയ്യാറ്റിൻകര സ്വദേശിയായ സനൽകുമാർ ഇപ്പോൾ ആനയറയിലാണ് താമസം. തിരുവനന്തപുരം ലാ അക്കാഡമി ലാ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായ ശേഷം 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു.

വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേട്ട്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേട്ട്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാലാഞ്ചിറ സർവോദയ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ജുഗുനു വിജയനാണ് ഭാര്യ. മൂത്തമകൻ അഭിഷേക് എസ് എൻജിനിയറാണ്. രണ്ടാമത്തെ മകൻ വൈശാഖ് എസ് നാലാഞ്ചിറ മാർഗ്രിഗോറിയസ് ലാ കോളേജിൽ എൽ. എൽ. ബിയ്ക്ക് പഠിക്കുന്നു.