തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദേശിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി നടത്തിയ ഗ്യാപ് അനാലിസിസ് പ്രകാരം കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചാണ് വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി സമര്‍പ്പിക്കേണ്ടതെന്ന് ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഭേഗഗതി വരുത്തിയ പദ്ധതികള്‍ ജൂലൈ 31 ന് മുന്‍പായി സമര്‍പ്പിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ശുചിത്വമാലിന്യ മേഖലയില്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ജൂലൈ 15 ന് ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരളം കര്‍മ്മപദ്ധതി, ജനകീയാസൂത്രണം പദ്ധതി എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗ്യാപ് അനാലിസിസ് പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഗ്യാപ് അനാലിസിസ് റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കുകയും ഓരോ തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് ആവശ്യമായ നടപടികള്‍, ജലാശയങ്ങളിലെ ഖര മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കല്‍, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ ആസൂത്രണ സമിതി അംഗംങ്ങളായ മനോജ് മൂത്തേടന്‍, പി.കെ ചന്ദ്രശേഖരന്‍ നായര്‍, ലിസി അലക്‌സ്, അഡ്വ. കെ. തുളസി, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, എ.എസ് അനില്‍ കുമാര്‍, റീത്താ പോള്‍, ജമാല്‍ മണക്കാടന്‍, മേഴ്‌സി ടീച്ചര്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ജുബൈരിയ ഐസക്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു