വർത്തമാന കാലസമൂഹത്തിൽ എ ബി സി കേന്ദ്രങ്ങളുടെ പ്രവർത്തനം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോലഞ്ചേരിയിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ ( എ ബി സി ) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്കകൾ അകറ്റി മാത്രമേ കേന്ദ്രങ്ങൾ ആരംഭിക്കുകയുള്ളുയെന്നും ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ മുഴുവൻ പ്രദേശങ്ങളിലും എബിസി കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടവുകോട്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ കോലഞ്ചേരി മൃഗാശുപത്രിയോട് ചേർന്നാണ് എബിസി കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷബാധ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് എ. ബി. സി. കേന്ദ്രത്തിന്റെ പ്രവർത്തനം.
വടവുകോട്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകളിലെയും മൂവാറ്റുപുഴ നഗരസഭയുടെയും പരിധിയിലെ നായ്ക്കളുടെ വന്ധ്യംകരണം കോലഞ്ചേരി എബിസി കേന്ദ്രത്തിൽ നടക്കും. കേന്ദ്രത്തിൽ ഒരു ഡോക്ടർ, ഓപ്പറേഷൻ തിയേറ്റർ സഹായി, നാല് മൃഗ പരിപാലകർ, ഒരു ക്ലീനിംഗ് തൊഴിലാളി എന്നിവരുടെ സേവനങ്ങൾ ഉണ്ടാകും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു കേന്ദ്രം എന്ന നിലയിലാണ് ജില്ലയിൽ കേന്ദ്രങ്ങൾ ആരംഭിക്കുക.
വടവുകോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. മറിയമ്മ തോമസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി വർഗീസ്, ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന നന്ദകുമാർ, ടി. ആർ.വിശ്വപ്പൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി .പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരായ എം.ജി.രതി , എസ്. ജ്യോതികുമാർ, കോലഞ്ചേരി സീനിയർ വെറ്റിനറി സർജൻ ഡോ. എസ്. ഷറഫുദ്ധീൻ , ചീഫ് വെറ്റിനറി ഓഫീസർ ഡോ.ആർ.മിനി , പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.