മാലിന്യമുക്ത നവകേരളം സൃഷ്ടിക്കാൻ കുട്ടികൾക്ക് നൽകുന്ന അവബോധത്തിലൂടെ സാധിക്കുമെന്ന് ജില്ല കളക്ടർ എൻഎസ് കെ ഉമേഷ് പറഞ്ഞു.

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളാണ് നാളെ ഡോക്ടറായും ടീച്ചറായും കളക്ടറായും നാടിനെ നയിക്കേണ്ടത്.24 വയസിലാണ് മാലിന്യ സംസ്കരണത്തേക്കുറിച്ച് എനിക്ക് പഠിക്കാനായത്. ഇത് ചെറിയ പ്രായത്തിൽ പഠിക്കാനായാൽ നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും. മാലിന്യ സംസ്കരണത്തിലും ഹരിത കർമ്മ സേന പ്രവർത്തനത്തിലും കൂത്താട്ടുകുളം നഗരസഭ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കളക്ടർ പറഞ്ഞു.

ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്. നവകേരളം കര്‍മ്മപദ്ധതി, ഹരിതകേരളം മിഷൻ, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി, കില എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരിത സമൃദ്ധം- ഹരിത വിദ്യാലയത്തിലേക്കൊരു ഹരിത ചുവട്. ഇതിൻ്റെ ഭാഗമായാണ് ശുചിത്വോത്സവം പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗരസഭ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. നവകേരളം കർമ്മ പദ്ധതി ജില്ല കോഡിനേറ്റർ എസ് രഞ്ജിനി പദ്ധതി വിശദികരണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷരായ ഷിബി ബേബി, മരിയ ഗൊരേത്തി, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ പി ആർ സന്ധ്യ, സുമ വിശ്വംഭരൻ, അനിൽ കരുണാകരൻ, ലില്ലി സണ്ണി, റോബിൻ വൻനിലം, സിബി കൊട്ടാരം, ടി സി തങ്കച്ചൻ, പി ജി സുനിൽ കുമാർ, റോയി എബ്രാഹം,ജിജോ ടി ബേബി, ഹെഡ്മിസ്ട്രസ് ടി വി മായ, പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ
എ എ സുരേഷ്, പാർവതി എസ് കുറുപ്പ്, ജൂലിയ ദേവസ്യ, പി എം മഞ്ജുഷ എന്നിവർ പങ്കെടുത്തു.