തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എന്‍.എസ്.എസ് വോളണ്ടിയറുമായ കൊയിലേരിയില്‍ താമസിക്കുന്ന ആദിത്യന് വേണ്ടിയാണ് എന്‍.എസ്.എസ് യൂണിറ്റ് സ്‌നേഹഭവനം നിര്‍മ്മിച്ചു നല്‍കിയത്.

ആശയം മനസിലുദിച്ചതോടെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ തുക സമാഹരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സ്‌കൂള്‍ അധികൃതരുമായും പൂര്‍വ്വവിദ്യാര്‍ഥികളുമായും ബന്ധപ്പെട്ട് എട്ടര ലക്ഷം രൂപയോളം സമാഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. മൂന്നര മാസം കൊണ്ടാണ് 650 സ്‌ക്വയര്‍ ഫീറ്റുള്ള സ്‌നേഹഭവനം നിര്‍മ്മിച്ചത്. അച്ഛനും സഹോദരങ്ങളുമായി കഴിയുന്ന ആദിത്യന് കൂട്ടുകാര്‍ നല്‍കിയത് ഇരട്ടി മധുരമുള്ള സമ്മാനമായിരുന്നു. സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി എ.കെ ശശീന്ദ്രന്‍ ആദിത്യന്റെ കുടുംബത്തിന് നല്‍കി നിര്‍വഹിച്ചു. എന്‍.എസ്.എസ് യുണിറ്റ് അംഗങ്ങളും സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിലാണ് ആദിത്യനും കുടുംബവും സ്‌നേഹഭവനത്തിലേക്ക് പ്രവേശിച്ചത്.