ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ലക്ഷ്യമിട്ട് ഭാഷാ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയൊരുക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാനസാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേരുന്ന 220 പേര്‍ക്ക് കോഴ്സ് ഫീസ് ആനുകൂല്യം നല്‍കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. നാല് മാസമാണ് കോഴ്സ് കാലാവധി. അപേക്ഷകര്‍ 17 വയസ് തികഞ്ഞവരാകണം. ഉയര്‍ന്ന പ്രയപരിധിയില്ല. അപേക്ഷകര്‍ ഇടുക്കി ജില്ലക്കാരാകണം.

കോഴ്സിന് ചേരാന്‍ താല്പര്യമുള്ളവര്‍ അപേക്ഷകള്‍ നേരിട്ടോ തപാലിലോ സാക്ഷരതാ മിഷന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഗുഡ് ഇംഗ്ലീഷ് കോഴ്സിന് രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2500 രൂപയാണ് ഫീസ്. അപേക്ഷാ ഫോം www.literacymissionkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആദ്യം ലഭിക്കുന്ന 220 അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഇടുക്കി, കുയിലിമല, പൈനാവ്-685603. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862232294.