ഓണത്തെ വരവേൽക്കാൻ ‘പൂപ്പൊലി’ പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരീക്ഷണാർത്ഥത്തിൽ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്. തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾ ഉത്പാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷി ഓഫീസർ കെ. അമൃതയുടെ മേൽനോട്ടത്തിൽ കർഷകർക്ക് കൃത്യമായ നിർദേശങ്ങൾ നൽകി വരുന്നുണ്ട്. 50,000 ഹൈബ്രീഡ് ചെണ്ടുമല്ലി തൈകളാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൃഷി ചെയ്തിട്ടുള്ളത്. കാലാവസ്ഥ അനുകൂലമായാൽ വള്ളിക്കുന്നിൽ പൂവസന്തം സൃഷ്ടിക്കാനൊരുങ്ങി നിൽക്കുകയാണ് കർഷകർ.