തേജസ്‌ എന്ന പേരിൽ എൽ.ഇ.ഡി ബൾബും ട്യൂബും വിപണിയിലെത്തിച്ചിരിക്കുകയാണ് പിണവൂർകുടിയിലെ കുടുംബശ്രീ സംരംഭകർ. പിണവൂർകുടി കസ്തൂർബ കുടുംബശ്രീ കൂട്ടായ്മയിലെ അംഗങ്ങളായ സുധ ശശികുമാർ, വത്സ പീതാബംരൻ, രാജി ഷിബു, ശാന്ത ചന്ദ്രൻ, രുക്മണി തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.

പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഇവർ കുടുംബശ്രീ വഴി ലഭിച്ച പരിശീലനത്തിൽ നിന്നാണ് പുതിയ സംരംഭത്തിലേക്ക് എത്തുന്നത്. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ പിണവൂർകുടിയിലാണ് എൽ.ഇ.ഡി നിർമ്മാണ യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് ലോൺ എടുത്ത് സംരംഭം തുടങ്ങിയിക്കുന്ന ഇവർക്ക് സംരംഭ സഹായ പദ്ധതിവഴി പഞ്ചായത്ത്‌ സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്.

പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാൾ പത്ത് രൂപ കുറച്ചാണ് എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും ഇവർ വിൽക്കുന്നത്. ഒരു വർഷത്തെ വാറന്റിയും നൽകുന്നു. പുതിയ ബൾബുകൾ നിർമ്മിക്കുന്നതിന് പുറമെ കേടായവ നന്നാക്കുകയും ഇവർ ചെയ്യുന്നുണ്ട്.

നിലവിൽ ഓർഡറുകൾക്കനുസരിച്ചാണ് നിർമ്മാണം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ കടകളിൽ ഉൾപ്പെടെ ബൾബുകൾ എത്തിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം. നല്ല പ്രതികരണമാണ് തങ്ങളുടെ ഉൽപന്നത്തിന് ലഭിക്കുന്നതെന്നും ഭാവിയിൽ സംരംഭം കൂടുതൽ വിപുലീകരിക്കുമെന്നും ഇവർ പറയുന്നു.