ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ വഴി ജില്ലയിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നു. ഗുണനിലവാരം ഉറപ്പാക്കി എൻ.എ.ബി.എച്ച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രോവൈഡേഴ്‌സ് ) സർട്ടിഫിക്കേഷൻ നേടാനുള്ള ശ്രമത്തിലാണ് ജില്ലയിലെ എല്ലാ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളും.

പദ്ധതിയുടെ ആദ്യപടിയായി എട്ട് ഗവ. ആയുർവേദ ഡിസ്പെൻസറികളും നാല് ഗവ. ഹോമിയോ ഡിസ്പെൻസറികളും ഉൾപ്പടെ പന്ത്രണ്ട് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ എൻട്രി ലെവൽ പരിശോധനകൾക്കായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്.

എളംകുന്നപുഴ, എടവനക്കാട്, തൃക്കാക്കര, വല്ലാർപാടം, കീഴ്മാട് , മലയാറ്റൂർ, തുരുത്തിക്കര, പായിപ്ര എന്നീ ആയുർവേദ ഡിസ്പെൻസറികളുടെയും മരട്, മോനിപ്പള്ളി, വടവുകോട് , കുമ്പളങ്ങി എന്നീ ഹോമിയോ ഡിസ്പെൻസറികളുടെയും അടിസ്ഥാന സൗകര്യവികസനത്തിനായി നാഷണൽ ആയുഷ് മിഷൻ വഴി ഓരോ സ്ഥാപനത്തിനും 5 ലക്ഷം രൂപാ വീതം നൽകിയിട്ടുണ്ട്. എല്ലായിടത്തും യോഗാ പരിശീലകരുടെ സേവനവും നാഷണൽ ആയുഷ് മിഷൻ ഉറപ്പാക്കിയിട്ടുണ്ട്.

പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തദ്ദേശ സ്വയം ഭരണ പ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ഇ.എ സോണിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ ഡോ. മേഴ്സി ഗോൺസാൽവസ്, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം (ജില്ലാ പ്രോഗ്രാം മാനേജർ) ഡോ. എം.എസ്. നൗഷാദ് എന്നിവർ പങ്കെടുത്തു.